7 C



എട്ടാം ക്ലാസ്സിലേക്കുള്ള ആദ്യ ദിവസം, ചെന്നിരുന്നത് ഏഴാം ക്ലാസ്സിന്റെ പഴയ മുറിയിലാണ്. എല്ലാവരും എട്ടിലേക്ക് ജയിച്ചതിന്റെ സന്തോഷത്തിലാണ് എന്നതിലുപരി കുറച്ചു ദിവസത്തിന് ശേഷം എല്ലാവരെയും കണ്ടതിന്റെ ആവേശത്തിലായിരുന്നു. തടി കൂടിയോ കുറഞ്ഞോ ഗ്ലാമർ കൂടിയല്ലോ എന്നിങ്ങനെ പരസ്പരം അവലോകനം നടത്തിയിരുന്നു. ചിലരൊക്കെ സ്കൂൾ മാറി പോയിരുന്നു, അടുത്ത നെഞ്ചിലെ റിൻഷാദ് വേറെ സ്കൂളിലേക്ക് പോയതാണ് എന്നെ ഏറെ സങ്കടപെടുത്തിയത്.

പിന്നീട് ഷീജ ടീച്ചർ വന്നു ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പകുതി പകുതി എടുത്തു വ്യത്യസ്ത ക്ലാസ്സുകളിലേക്ക് ആണെന്ന് അറിയിച്ചു. ആ ക്ലാസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു, ഓർമയിലെ ഏറ്റവും മനോഹരമായ അദ്ധ്യാപികയാണ് ഞങ്ങളിൽ നിന്ന് കൊഴിഞ്ഞു പോകുന്നതെന്ന്... ഇംഗ്ലീഷ് ആയിരുന്നു ടീച്ചർ ഞങ്ങൾക്ക് പഠിപ്പിച്ചിരുന്ന വിഷയം, ക്ലാസ്സ് ടീച്ചർ എന്നതിലുപരി പഠനത്തിൽ വ്യത്യസ്തതകൾ നിറച്ച അധ്യാപിക ആയിരുന്നു...

കോളേജിൽ പഠിക്കുമ്പോൾ മാനേജ്മെന്റ് മീറ്റുകളിൽ പങ്കെടുക്കുമായിരുന്നു, അന്നൊക്കെ എനിക്ക് ഓർമ വരാറുള്ളത് എന്റെ ഏഴാം ക്ലാസ്സിനെയാണ്. ഒരിക്കൽ ഷീജ ടീച്ചർ ഞങ്ങളുടെ ക്ലാസ്സിൽ മാനേജ്മെന്റ് മീറ്റ് നടത്തിയിരുന്നു, അന്നൊന്നും ഇങ്ങനെ മത്സരങ്ങൾ ഉണ്ടാകാറുണ്ടെന്നൊന്നും ഞങ്ങൾക്കറിയില്ല, പക്ഷെ അന്ന് ഞങ്ങൾക്കെല്ലാം ഓരോ നറുക്ക് തന്നു, അതിൽ നിന്ന് കിട്ടുന്ന ചെറിയ വസ്തുക്കൾ ഉണ്ടാകും, മുട്ട, ചൂൽ, കയർ എന്നിങ്ങനെ.... അതിനെ എങ്ങനെ പാക്ക് ചെയ്യാം, പരസ്യം ചെയ്യാം,നടന്നു വിൽക്കാം എന്നൊക്കെ ഇംഗ്ലീഷിൽ ചെയ്യണം...

ഇതായിരുന്നു അന്ന് ദിവസം ഞങ്ങൾക്ക് തന്ന ടാസ്ക്. ക്ലാസ്സ്‌ മുഴുവൻ കുറച്ചു ഗ്രൂപ്പുകളാക്കി, ആദ്യത്തെ രണ്ട് പിരിയഡ് ഞങ്ങൾക്ക് തന്നു ഞങ്ങൾക്ക് ചർച്ചകൾ നടത്താൻ, പിന്നെയുള്ള രണ്ട് പിരിയഡ് ഓരോ ഗ്രൂപ്പും തകർത്താടി... ഓരോരുത്തരും കുറച്ചു തമാശകളും അക്ഷരതെറ്റുകളും കൊണ്ട് നിറഞ്ഞാടി... ഞാൻ അറിഞ്ഞിരുന്നില്ല ടീച്ചർ ഞങ്ങളിൽ സുവർണ കാലഘട്ടത്തെ സമ്മാനിക്കുകയാണെന്ന്....

കോളേജിലേക്കുള്ള എന്റെ തുടക്കത്തിലാണ് സമീറ മിസ്സിനെ പരിചയപെടുന്നത്, അവിടെത്തെ എൻ.എസ്.എസ് കോർഡിനേറ്റർ എന്നതിലുപരി എന്റെ അറബിക് ടീച്ചറും കൂടെയായിരുന്നു അവർ, ക്യാന്റീനിൽ ക്ലാസ്സിലെ കുട്ടികളെ വിളിച്ചു കൊണ്ട് പോയി ഇരുത്തി ചായയും കടിയും വാങ്ങി തന്നു, ക്ലാസ്സ്‌ എടുക്കാറുള്ള ടീച്ചർ ഏറെ കാലത്തിനു ശേഷം ഷീജ ടീച്ചറെ എന്നിൽ ഓർമിപ്പിച്ചു. കോളേജിൽ കണ്ടത് പോലൊരു ഇലക്ഷനും പ്രചാരണവുമൊക്കെ ഞാൻ ആദ്യമായി കണ്ടത് എന്റെ ഏഴാം ക്ലാസ്സിലാണ്...

അന്ന് ഞങ്ങൾക്കിടയിൽ ക്ലാസ്സ്‌ ലീഡറിനായി ഇലക്ഷൻ നടത്തിയിരുന്നു. ഒരു പക്ഷെ അന്ന് ടീച്ചർ ലൈബ്രറിയിൽ നിന്ന് എനിക്ക് എടുത്തു തന്നൊരു കഥയായിരിക്കണം ഞാൻ ആദ്യമായും അവസാനമായും പൂർണമായി വായിച്ച കഥ. ഇടക്കാലത്തു എനിക്ക് ടീച്ചർ ആയാലോ എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിച്ചു തുടങ്ങിയപ്പോൾ എന്റെ മനസ്സിലേക്ക് വരാറുള്ള രണ്ട് മുഖങ്ങളാണ് സമീറ മിസ്സും ഷീജ ടീച്ചറും...

ഞാൻ എപ്പോഴും ഓർക്കും, എന്റെ കൈകളിലേക്ക് ഒരു തലമുറയെ കിട്ടിയാൽ അല്ലെങ്കിൽ എന്റെ കൈകളിലൂടെ ഒരു തലമുറ കടന്നു പോകുമ്പോൾ കേവലം പുസ്തകത്തിലെ അക്ഷരങ്ങളെ മാത്രം അവരിലേക്ക് തുളച്ചു കയറ്റിയാൽ മതിയോ? ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല, ഉത്തരങ്ങൾ തേടിപിടിക്കാനും, ഓർമ്മകൾ സമ്മാനിക്കാനും പറ്റണ്ടേ...? നമ്മളിലൂടെ കടന്നു പോയ അധ്യാപകർ നമ്മളെ സംസാരിക്കാനും ചിന്തിക്കാനും ഓർക്കാനും പഠിപ്പിച്ചിട്ടുണ്ടോ? ആരെങ്കിലും നമ്മളെ ഓർക്കുകയെന്നാൽ ചെറിയ കാര്യമല്ല...

Comments

Popular Posts